Where are Heading???

ഷില്ലോങ്ങില്‍ നല്ല തണുപ്പുള്ള ഒരു പുലര്‍ച്ചെ ഫോണ്‍ “മറന്നിട്ടുമെന്തിനോ ” പാടി തുടങ്ങി . ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണെങ്കില്‍ കൂടെ അന്നാദ്യമായി ആ പാട്ടിനെ ഒന്ന് വെറുത്തു എന്നതാണ് സത്യം. വിളിക്കുന്ന ആളെ നല്ല പോലെ മനസ്സില്‍ ശപിച്ചാണ് ഫോണെടുത്തത് . അങ്ങേത്തലക്കലുള്ള കൂട്ടുകാരന്റെ ശബ്ദം പറഞ്ഞു “ ‘ഇന്ത്യാസ് ഡോട്ടെര്‍’ യൂട്യൂബില്‍ വന്നിട്ടുണ്ട് അവര്‍  അത് എടുത്തുമാറ്റുന്നതിനു മുന്നേ കാണു ”. എന്‍റെ ഉറക്കവും ഭംഗിയുള്ള ഒരു ബസ്‌ യാത്രയുടെ സ്വപ്നവും ഇടയ്ക്ക് വെച്ചു മുടക്കിയ അവനെ ഒന്ന് കൂടെ ശപിച്ച് കമ്പിളിക്കുളിലേക്ക് തിരിച്ചു കേറി . സ്വപ്നം തുടരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു . എന്നാല്‍ അന്ന് സ്വപ്നത്തിന്റെ ബാക്കിയോ ഇന്ത്യാസ് ഡോട്ടറോ എനിക്ക് കാണാന്‍ പറ്റിയില്ല . അവന്‍ പ്രവചിച്ച പോലെ youtube ആ വീഡിയോ എടുത്തു കളഞ്ഞിരുന്നു . ബാന്‍ ചെയ്യപ്പെട്ട ഒരു വസ്തു കാണാന്‍ ഉള്ള ജിജ്ഞാസ അടക്കാന്‍ പറ്റാതെ , കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകള്‍ കുത്തിയിരുന്നു, torrent വഴി ഡൌണ്‍ലോഡ് ചെയ്ത്  അവസാനം ആ documentry ഞാനും കണ്ടു , എന്ത് കൊണ്ട് അത് നിരോധിക്കപ്പെടണം എന്നത് അപ്പോഴും മനസിലാക്കാന്‍ കഴിയാതെ  .
സര്‍ക്കാറിന്‍റെ   പുതിയ രാഷ്ട്രീയമന്ത്രങ്ങളില്‍ (തന്ത്രങ്ങളില്‍) പ്രധാനപ്പെട്ട ഒന്നായി മാറുകയാണ് ഇന്ന് നിരോധനം. ബീഫില്‍ തുടങ്ങി , വിദേശികളുടെ ഒപ്പമുള്ള പാര്‍ട്ടി, ലെസ്ബിയന്‍ എന്ന വാക്ക് സിനിമയില്‍ ഉപയോഗിക്കുന്നത് തൊട്ട്  ഒടുവില്‍ ഇന്ത്യാസ് daughter വരെ എത്തി നില്‍ക്കുന്നു സര്‍ക്കാറിന്‍റെ  നിരോധനചരിതം . ഒരാഴ്ചക്കിടെ ഇന്ത്യയില്‍ ആറോളം കാര്യങ്ങള്‍ നിരോധിച്ചു എന്ന് ഒരു വെബ്‌സൈറ്റില്‍ വായിച്ചപ്പോഴാണ് ഇന്ത്യ ഇതുവരെ നിരോധിച്ച സാധനങ്ങളും അതിന്‍റെ  കാരണങ്ങളും അറിയാന്‍ തോന്നിയത്.നിരോധിച്ച വസ്തുക്കളുടെയും പുസ്തകങ്ങളുടെയും സിനിമകളുടെയും ഒരു കണക്കെടുപ്പ് നടത്തിയപ്പോള്‍ മൂന്ന് കാരണങ്ങളാണ് ഇന്ത്യയില്‍ എന്തും നിരോധിക്കാന്‍ ആവശ്യമായി വരുന്നത് എന്ന് വ്യക്തമായി.വര്‍ഗീയലഹള ഉണ്ടാവുമോ എന്ന ഭയം ആണ് ഒന്നാമത്തേത് . അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് മോഡിയെയും മോല്ലാക്കമാരെയും ഒക്കെയല്ലേ?എന്ന് ചോദിക്കാന്‍ തോന്നിയേക്കാം, പക്ഷെ ചോദ്യം ചോദിക്കുന്നത് ഇന്ത്യയില്‍ പണ്ടേ അനൌധ്യോകികമായി   നിരോധിച്ചതാണ്. രണ്ടാമത്തേത് അശ്ലീലതയാണ്. ‘അശ്ലീലം’ ഇന്ത്യയുടെ സംസ്കാരത്തില്‍ പെടാത്ത വാക്കാണ് എന്നാണ് പൊതുവേ പറയാറ് പക്ഷെ നിയമസഭയിലിരുന്നു ‘അശ്ലീലം’ കാണാന്‍ പ്രത്യേക ഭേദഗതിയുണ്ട്. ഒടുവിലായി രാഷ്ട്രീയ വിമര്‍ശനങ്ങള്‍ . വിമര്‍ശിക്കാനും കേവല യോഗ്യത വേണം എന്നതാവണം ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. ഇന്ത്യയുടെ ‘സംസ്കാരസമ്പന്നരായ’ ജനങ്ങളെ ഇത്രയൊക്കെ കഷ്ടപ്പെട്ട് ഇത്തരം കാര്യങ്ങള്‍ കാണുന്നതില്‍ നിന്നും, വായിക്കുന്നതില്‍ നിന്നും ഒക്കെ വിലക്കിയിട്ടും  ബലാത്സംഗങ്ങളും , വര്‍ഗീയലഹളയും , വൃത്തിക്കെട്ട രാഷ്ട്രീയവും എന്തുകൊണ്ട്  ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിചേക്കാം.ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതാണ് നല്ലതും.
അല്ലെങ്കില്‍ തന്നെ ഗേള്‍ വിത്ത്‌ a ഡ്രാഗണ്‍  ടാടൂവിലെയോ , കാമസൂത്ര : എ ടെയില്‍ ഓഫ് ലവില്ലെയോ  അശ്ലീലതയും നഗ്നതയും  കണ്ടിട്ടാണോ ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ബലാല്‍സംഗം ചെയ്യാന്‍ തോന്നുന്നത്? ആയിരക്കണക്കിന് പോണ്‍   സൈറ്റുകള്‍ ഒരു വിലക്കുമില്ലാതെ വിശാലമായി തുറന്നു കിടക്കുമ്പോള്‍ സിനിമകളിലെയും പുസ്തകങ്ങളിലെയും അശ്ലീലത നിരോധിച്ച് എന്താണ് പ്രയോജനം? ചില കഥകള്‍ ലൈംഗികത ആവശ്യപ്പെടുന്നുണ്ട്. ലൈംഗികത ഒരിക്കലും മിത്തല്ല , യാഥാര്‍ഥ്യമാണ്‌ , സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ സദാചാരം കൈവിട്ടു കൊടുക്കാത്ത നമ്മള്‍ ഭാരതീയര്‍ അതു കാണരുത് , അതിനെ പറ്റി ചര്‍ച്ച ചെയ്യരുത് , അതിനെ പറ്റി അറിയരുത് .ഇത് ഭാരതമാണ്‌ അമേരിക്കയല്ല എന്നാണ് സദാചാര പോലീസുക്കാര്‍ നമ്മളോട് പറയുന്നത് . കാമസൂത്രയും ഖജുരാഹോയിലെ ചുവര്‍ ചിത്രങ്ങളും നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം. സദാചാരം സൂക്ഷിച്ച ഇന്ദ്രനെയും അഹല്യയേയും മറക്കാം.അഗ്നിയും സോമനും തമ്മിലുള്ള സ്വവര്‍ഗ്ഗ അനുരാഗവും മറന്നു കളഞ്ഞേക്കാം . കാരണം നമ്മേ സംബന്ധിച്ചിടത്തോളം  ട്രാന്‍സ്ജെന്‍ടര്‍, ലൈംഗികത , സ്വവര്‍ഗാനുരാഗം ഒക്കെ മിത്താണ്.ഇതെല്ലാം പരസ്യമായി ഉണ്ടെന്നു സമ്മതിക്കുന്നത് അതിനാല്‍ തന്നെ വിലക്കെണ്ടതാണ്.  പക്ഷെ ഇതൊക്കെ തന്നെയാണ് നമ്മുടെ പ്രശ്നവും . ജിജ്ഞാസ പലപ്പോഴും പരീക്ഷണത്തിലേക്ക് നയിക്കും . പരീക്ഷണത്തിനുള്ള വാതില്‍ കൂടെ കൊട്ടി അടക്കുമ്പോള്‍ അത് നിരാശയാവും  . നമ്മള്‍ ശരിക്കും അതാണ്‌ - ലൈംഗിക ദാരിദ്ര്യത്തില്‍  ജീവിക്കുന്ന ഒരു സമൂഹം.ഈ നിരാശയാണ്  പലപ്പോഴും ആക്രമങ്ങളിലെക്ക് നയിക്കുന്നതും .
വിലക്കുകള്‍ സൃഷ്ടിച്ചാണ് ഫാസിസം അവര്‍ക്ക് ഇടപെടാനുള്ള സങ്കേതം ഒരുക്കുന്നത്. വിലക്കുകള്‍ വഴി തടയിടുന്നത് അറിയാനുള്ള അവകാശത്തെയാണ്. കഥപറയാനുള്ള കഴിവിനെ ആക്രമിക്കുക എന്നതിനെ നിരോധനം എന്നല്ല വിളിക്കെണ്ടതെന്നും ഒരു മനുഷ്യനോട് ചെയ്യുന്ന കുറ്റകൃത്യമാണ് വിളക്കുകളെന്നും റുഷ്ദി അഭിപ്രായപ്പെടുകയുണ്ടായി. അറിവിന്‌ വേണ്ടിയുള്ള വിപ്ലവങ്ങള്‍ നടക്കുന്ന കാലമാണിന്നു. സൂര്യന് കീഴെ ഉള്ളതും അതുക്കും മേലെയുള്ളതും ഇന്ന്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പെന്‍ഗ്വിന്‍  വെന്‍ഡി ഡോണിന്ജരുടെ ഹിന്ദുസ് ആന്‍ ആള്‍ടെര്‍നെടിവ് ഹിസ്റ്ററി എന്ന പുസ്തകത്തെ പേപ്പര്‍ പള്‍പ്പ് ആക്കുന്നതില്‍ വിജയിച്ചിട്ടുണ്ടാവാം പക്ഷെ ആ പുസ്തകം മുന്നോട്ടു വെച്ച ആശയങ്ങള്‍ ഇന്നും ഇ-പുസ്തകങ്ങളിലൂടെ ആയിരങ്ങളിലേക്ക് എത്തുന്നു , ഇനിയും എത്തും എന്നിടത്താണ് വിവര സാങ്കേതിക വിദ്യയുടെ വിജയം. അങ്ങനെ നോക്കുകയാണെങ്കില്‍ വിലക്കുകള്‍ അവരുടെ ലക്ഷ്യങ്ങളെ തന്നെ ഖണ്ഡിക്കുന്നുണ്ട്. നിരോധനം എപ്പോഴും ആവശ്യക്കാരെ സൃഷ്ടിക്കും , ആവശ്യമുണ്ടെങ്കില്‍ സ്വാഭാവികമായും ലഭ്യതയും ഉണ്ടാവും.India’s daughter ഒരുപാട് പേര്‍ കാണുമായിരുന്നിരിക്കാം ,പക്ഷെ അതിന് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാനായത് അത് നിരോധിച്ചു എന്ന ഒറ്റ കാരണത്താലാണ്.
ഇന്ത്യയുടെ ഭരണഘടനയുടെ മഹനീയതയെക്കുറിച്ച് പ്രസംഗിക്കുന്നവരാണ്  നമ്മളില്‍ പലരും . പക്ഷെ ഇതേ ഭരണഘടന വഴിക്കാണ് സ്റ്റേറ്റ് ജനങ്ങളെ ആദ്യമായി പറ്റിക്കുന്നത് . നമ്മള്‍ എപ്പോഴും സംസാരിച്ചതും പഠിച്ചതും ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കപ്പെടുന്നതും സംവേദിക്കാനുള്ള അവകാശത്തെപ്പറ്റിയാണ് പക്ഷെ ഇതേ കാര്യത്തെ തടയുന്ന ഭേദഗതിയെ പറ്റി നമ്മളില്‍ പലര്‍ക്കും അറിവ് കാണില്ല .ഒരു ഹിന്ദുത്വ അജണ്ട വെച്ച് പുലര്‍ത്തുന്ന ഗവണ്മെന്റ്റാണ്  ‘മതേതര’  ഇന്ത്യയെ ഭരിക്കുന്നത്. ഇതേ അജണ്ട വെച്ച് പുലര്‍ത്തുന്നവരാണ്  നമ്മുടെ സെന്‍സര്‍ ബോര്‍ഡിലും , വിദ്യാഭ്യാസ ബോര്‍ഡിലും , സാംസ്കാരിക ബോര്‍ഡിലും ഉള്ളവര്‍  . ഇതെല്ലം കഴിഞ്ഞും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നാം പാടികൊണ്ടിരിക്കും .
നിരോധിക്കപെടുന്ന എല്ലാത്തിനും പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട് . സ്വയം സെന്‍സര്‍ ചെയ്യാന്‍ നമുക്ക് കഴിവുണ്ടെങ്കില്‍ എന്തിനാണ് ഒരു സെന്‍സര്‍ ബോര്‍ഡ്‌ ? വിലക്കുകള്‍ ചൂണ്ടി കാണിക്കുന്നത് ഒരു ജനതയ്ക്ക് അവരിലുള്ള വിശ്വസക്കുറവാണ്  . എന്ത് കൊണ്ടാവും ബീഫ് ബാന്‍ ചെയ്യപ്പെടുകയും , ആടും ,കോഴിയും പന്നിയും ഒക്കെ ബാക്കി നില്‍ക്കുന്നതും ? എന്ത് കൊണ്ടാവും സണ്ണി ലിയോണിന്‍റെ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ ദീപ മേഹ്തയുടെ സിനിമകള്‍ വിലക്കപ്പെടുന്നത് . ഒരിക്കലും  ഒരു പുസ്തകമോ സിനിമയോ അല്ല വിലക്കപ്പെടുനത് മറിച്ച്  അവ മുന്നോട്ടു വെക്കുന്ന ആശയങ്ങളാണ് . ആശയങ്ങളെയാണ് എല്ലാ ഫാസിസ്റ്റുകളും ഭരണവര്‍ഗവും ഭയക്കുന്നതും. കാരണം ആശയങ്ങളാണ് പലപ്പോഴും വിപ്ലവങ്ങളിലും മാറ്റങ്ങളിലും  കലാശിക്കുന്നത് .
വായിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനും സ്വാതന്ത്ര്യമുള്ള ഒരു അന്തരീക്ഷമാണ് ഇവിടെ  ഉണ്ടാവേണ്ടത്. രാജ്യത്തെ റിലയന്‍സും ടാറ്റയും മറ്റു  മതശക്തികളും ഭരിക്കുന്നിടത്തോളം കാലം അതൊരു ഉട്ടോപ്യന്‍ ആശയമായി തുടരുമായിരുക്കും . നഗ്നത കാണുമ്പോഴേക്കും ബലാല്‍സംഗം ചെയ്യാന്‍ തോന്നാന്‍ മാത്രം ദുര്‍ബലരാണോ നമ്മള്‍ ? ഒരു ചെറിയ വിമര്‍ശനം പോലും സഹിക്കാന്‍ പറ്റാത്തത്ര  ഭീരുക്കളാണോ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ ? കളിയാക്കി കൊണ്ട് ഒരു കാര്‍ട്ടൂണ്‍ വരച്ചാല്‍ തീര്‍ന്നു പോവുന്നതാണോ ദൈവശക്തിയും വിശ്വാസവും ? ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മള്‍  എങ്ങോട്ടാണ് പോയി കൊണ്ടിരിക്കുന്നത് എന്നത് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പെരുമാള്‍ മുരുഗനെ പോലുള്ളവര്‍ എന്ത് കൊണ്ട് എഴുത്ത് നിര്‍ത്തേണ്ടി വരുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു . എന്ത് കൊണ്ടാവും പ്രതികരിക്കുന്നവനെ uapa ചുമത്തി തടവില്‍ ഇടുന്നത് ? എന്ത് കൊണ്ടാവാം ചോദ്യം ചോദിക്കുന്നവന്‍ മാവോയിസ്റ്റാവുന്നത് ? എന്ത് കൊണ്ടാവും സോണി സോറിയെയും ബിനായക് സെന്നിനെയും ഇറോമിനെ പോലെയുള്ളവര്‍  വീണ്ടും വീണ്ടും ഉണ്ടാവുന്നത് ? ചോദ്യങ്ങള്‍ അനവധിയാണ് , ഉത്തരം വ്യക്തവും . വിവരങ്ങള്‍ വിലക്കപ്പെടുമ്പോള്‍ , അനീതിക്കെതിരെ പോരാടുന്നവരെ അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ , എതിര്‍ത്ത്  സംസാരിക്കാന്‍ നാവു വിറക്കുമ്പോള്‍ , ആ നിമിഷങ്ങളിലാണ് നമ്മള്‍ തിരിച്ചറിയേണ്ടത് നമ്മള്‍ അടിമത്തതിലാണെന്ന് . പണ്ട് che പറഞ്ഞ പോലെ അനീതി നിയമാവുമ്പോള്‍ പ്രതികരിക്കേണ്ടത് നമ്മുടെ ചുമതലയാണ്.       



Comments